ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കി മുട്ടില്‍ മരംമുറിയില്‍ സര്‍ക്കാരിന് പ്രതികാരബുദ്ധിയോ
മുട്ടില്‍ മരം മുറി വിവാദത്തില്‍ സര്‍ക്കാര്‍ നടത്തുന്നത് പ്രതികാരനടപടികളോ. വിവരാവകാശനിയമ പ്രകാരം രേഖകള്‍ നല്‍കിയ അണ്ടര്‍ സെക്രട്ടറിയുടെ ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതാണ് നിലപാടില്‍ സംശയമുയര്‍ത്തുന്നത്. മരം മുറി വിവാദത്തില്‍ റവന്യൂ വകുപ്പിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കുന്ന പല രേഖകളും പുറത്തു വന്നത് വലിയ വിവാദത്തിനാണ് വഴിവച്ചത്. മുന്‍ റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്റെ അറിവോടെയാണ് വിവാദ മരം മുറി ഉത്തരവ് പുറത്തിറക്കിയതെന്നും രേഖകളില്‍ നിന്ന് വ്യക്തമായിരുന്നു..
അണ്ടര്‍ സെക്രട്ടറി ശാലിനി ഓ ജിക്കായിരുന്നു വിവരാവകാശ വകുപ്പിന്റെയും ചുമതല...രേഖകള്‍ പുറത്ത് വന്നത് ശാലിനിയുടെ അറിവോടെയാണ് എന്ന് വ്യക്തമായതോടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഇവരെ ശാസിക്കുകയും അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിരുന്നു..ഇതിന് പിന്നാലെ ഇവരെ സ്ഥലം മാറ്റി ഉത്തരവിറക്കിയിരുന്നു..ഇതിനെതിരെ സെക്രട്ടറിയേറ്റില്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്ത് വന്നതിന് പിന്നാലെയാണ് ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് എന്‍ട്രിയും സര്‍ക്കാര്‍ റദ്ദാക്കുന്നത്.
ഏപ്രിലിലാണ് ശാലിനിയ്ക്ക് ഗുഡ് സര്‍വീസ് എന്ററി നല്‍കി റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയതിലക് ഉത്തരവിട്ടത്..വകുപ്പിന് അവര്‍ നല്‍കിയ സുത്യര്‍ഹമായ സേവനങ്ങള്‍ മുന്‍നിറുത്തിയായിരുന്നു ഗുഡ് സര്‍വീസ് എന്‍ട്രി...ഉത്തരവില്‍ ഉദ്യോഗസ്ഥയുടെ ആത്മാര്‍ത്ഥതയും, കഠിനാധ്വാനവും,വിവേചന ബുദ്ധിയുമെല്ലാം പ്രശംസിച്ചിരുന്നു.. എന്നാല്‍ വിവാദങ്ങള്‍ ഒന്നൊന്നായി തല പൊക്കിയതോടെയാണ് ഉദ്യോഗസ്ഥ സര്‍കാരിന്റെ കണ്ണിലെ കരടായി മാറിയത്.
ഇവരുടെ സത്യസന്ധത സംശയാതീതമല്ല എന്നാണ് ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കികൊണ്ട് നല്‍കിയ ഉത്തരവില്‍ സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.നിലവില്‍ അവധിയിലാണ് ശാലിനി..ഉദ്യോഗസ്ഥയ്‌ക്കെതിരെയുള്ള നടപടിയില്‍ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ പ്രതിഷേധം ശക്തമാവുകയാണ്. വ്യാപക മരം മുറിയ്ക്ക് ഇടയാക്കിയ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുര്‍വ്യാഖ്യാനം ചെയ്തതെന്നാണ് സര്‍ക്കാര്‍ നിലപാട്. ഉദ്യോഗസ്ഥ വേട്ടയിലൂടെ ഇത് സ്ഥിരീകരിക്കപ്പെടുകയാണ്. സ്ഥലം മാറ്റവും മറ്റും സ്വാഭാവിക നടപടിയെന്ന് വിശദീകരിക്കുമ്പോഴും ഗുഡ് സര്‍വീസ് എന്‍ട്രി റദ്ദാക്കിയതിനെ സര്‍ക്കാര്‍ എത്തരത്തില്‍ ന്യായീകരിക്കുമെന്നത് വ്യക്തമല്ല.